രോഗലക്ഷണങ്ങളെ തിരിച്ചറിയുക
വൃക്കരോഗം പിടികൂടുമ്പോള്‍ തന്നെ ലക്ഷണങ്ങള്‍ നാം തിരിച്ചറിഞ്ഞെന്ന് വരില്ല. ഏതാനും സൂചനകളും ലക്ഷണങ്ങളും ഇതാ ഓര്‍ത്തുവെച്ചോളൂ:
1. മൂത്രം പോകുവാന്‍ പ്രയാസം, മൂത്രം ഒഴിക്കുമ്പോള്‍ ചൂടും പുകച്ചിലും, അല്പം മൂത്രം പുറത്തുകളയാന്‍ ഒരുപാടു സമയം എടുക്കുക.
2. ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണമെന്ന് തോന്നുക. മൂത്രം മുഴുവനും പോയില്ല എന്ന തോന്നല്‍
3. മൂത്രത്തിന്റെ നിറം മാറ്റം. മൂത്രത്തില്‍ ചോരകലര്‍ന്നിരിക്കുക. ആല്‍ബുമിന്‍ കലരുന്നത്കൊണ്ട് മൂത്രത്തിന് ഇരുണ്ട നിറമുണ്ടാവുക. മൂത്രത്തിന് കട്ടി (സാന്ദ്രത) കൂടുതലാണെന്നും ഉടനടി ധാരാളം വെള്ളം കുടിക്കണമെന്നുമുള്ളതിന്റെ സൂചനയാണിത്.
4. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ചില വൃക്കരോഗങ്ങളില്‍ ധമനികള്‍ അടഞ്ഞ് തടസ്സപ്പെട്ട് വൃക്കയിലേക്കുള്ള രക്തസഞ്ചാരം കുറയുന്നു. ഈ ഘട്ടത്തില്‍ രക്തസമ്മര്‍ദ്ദം പെട്ടെന്ന് വര്‍ദ്ധിപ്പിച്ച് ധമനികളെ തുറപ്പിക്കാന്‍ വേണ്ടി വൃക്കതന്നെ ഒരു ഹോര്‍മോണ്‍ സ്രവിപ്പിച്ചേക്കാം.
5. മൂത്രം വേണ്ടതോതില്‍ ഒഴിഞ്ഞുപോകാത്തതുകൊണ്ട് കൈകാലുകളില്‍ നീരുകെട്ടുക, കണ്ണിനുചുറ്റുംചീര്‍ത്തിരിക്കുക,മുഖത്തെ നീര്
6. വാരിയെല്ലുകള്‍ക്കുതാഴെ ഭാഗത്തുണ്ടാകുന്ന പുറംവേദന. വൃക്കയില്‍ കല്ലുണ്ടാവുമ്പോള്‍ ഈ ലക്ഷണം സാധാരണമാണ്.
7. ക്ഷീണവും രക്തക്കുറവുകൊണ്ടുണ്ടാകുന്ന വിളര്‍ച്ചയും. വൃക്കകള്‍ സ്രവിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍ ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. രോഗം ബാധിച്ച വൃക്കയ്ക്ക് ഇതിനുകഴിയില്ല. തന്‍മൂലം വിളര്‍ച്ചയും ക്ഷീണവും പ്രത്യക്ഷപ്പെടുന്നു. കൂടാതെ എപ്പോഴും കുളിരുതോന്നുക, ശ്വാസം മുട്ടല്‍ എന്നിവയും രോഗിയ്ക്ക് അനുഭവപ്പെടും.
8. ഛര്‍ദ്ദിയും തലചുറ്റലും ഏകാഗ്രത ഇല്ലായ്മയും അനുഭവപ്പെടുക.
9. രക്തത്തില്‍ വിഷവസ്തുക്കള്‍ കെട്ടി നില്‍ക്കുന്നതുകൊണ്ട് (യൂറീമിയ). ചൊറിച്ചിലും, ചര്‍മ്മരോഗങ്ങളും ഉണ്ടാവുക. വായില്‍ ഇരുമ്പ് ചുവയ്ക്കുക, ശ്വാസത്തിന് അമോണിയയുടെ ഗന്ധം ഉണ്ടാവുക.
ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ വൈദ്യ പരിശോധന അത്യാവശ്യമായിരിക്കുന്നുവെന്ന് മനസ്സിലാക്കാം. എന്നുവെച്ച് തനിക്ക് വൃക്കരോഗമുണ്ടെന്ന് ഉറപ്പിക്കാനും ഒരു കാരണവശാലും സ്വയം ചികിത്സിക്കാനും പാടില്ല. ഈ ലക്ഷണങ്ങളൊക്കെ വേറെയും രോഗങ്ങളുടേതാകാമല്ലോ. മൂത്രം പോകാത്തതും വേദനയും പ്രോസ്സ്റ്റേറ്റ് ഗ്രന്ഥിയുടെ തകരാറുകൊണ്ടോ മൂത്രത്തിലെ അണുബാധകൊണ്ടോ ആകാം. ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുന്നതും അമിതദാഹവും പ്രമേഹത്തിന്റെ ലക്ഷണമാകാം. രക്തത്തിന്റെ നിറപ്പകര്‍ച്ച ആവശ്യത്തിന് വെള്ളം കുടിക്കാത്തുകൊണ്ടാവാം. രക്തസമ്മര്‍ദ്ദത്തിനാവട്ടെ വേറെയും പലകാരണങ്ങളുണ്ടാകാം. പക്ഷെ ഹൈപ്പര്‍ ടെന്‍ഷനെ സൂക്ഷിക്കണം. ശരിക്കും ഉറക്കം കിട്ടാത്തതുകൊണ്ടാവാം മുഖം ചീര്‍ത്തിരിക്കുന്നത്. തെറ്റായ രീതിയിലുള്ള ഇരിപ്പും കിടപ്പും ആവാം പുറം വേദനയ്ക്ക് കാരണം. എന്നു കരുതി മിണ്ടാതിരിക്കാന്‍ വരട്ടെ ; ഈ ലക്ഷണങ്ങളൊക്കെ നിങ്ങളുടെ വൃക്ക തകരാറിലാണ് എന്ന സുചനയും തരുന്നുണ്ട്. അതുകൊണ്ട് എത്രയും വേഗം നല്ലൊരു ഡോക്ടറെ കണ്ട് ഉപദേശവും ചികിത്സയും തേടണം
visit :-
No comments:
Post a Comment